ഉത്സവം പോലെ ആസ്വദിച്ചു ചെയ്യാവുന്ന തൊഴിലുകളാൽ സമൃദ്ധമായ സൈബർയുഗം തുറന്നുകൊടുത്ത പുത്തൻ തൊഴിലാണ് ഗെയിം ടെസ്റ്റർ.
കമ്പ്യൂട്ടറിനു മുമ്പിലിരുന്ന് 24 മണിക്കൂറും ഗെയിം കളിക്കുന്ന കുട്ടികളെ ശാസിക്കാത്ത മാതാപിതാക്കന്മാരുണ്ടാവില്ല. കളിഭ്രാന്തിന്റെ പേരിൽ അവരെ വഴക്കു പറയുന്നതിനു മുമ്പ് ഒരു നിമിഷം ആലോചിക്കുക.... ചിലപ്പോൾ ഇതായിരിക്കാം അവരുടെ വഴി. ഭാവിയിൽ മണിക്കൂറിന് ഡോളറുകൾ പ്രതിഫലം പറ്റുന്ന ഗെയിം ടെസ്റ്റർമാരായി നിങ്ങളുടെ കുട്ടികൾ മാറിയേക്കാം.
വിധിയും വിദ്യാഭ്യാസവും സമൂഹവും കെട്ടിയേൽപ്പിക്കുന്ന തൊഴിലുകൾ ആജീവനാന്തം ചുമന്ന് ജീവിതം എരിച്ചു കളയേണ്ട നിർഭാഗ്യമൊന്നും പുതുതലമുറക്കില്ല. ഓരോരുത്തരുടെയും വ്യക്തിപരമായ അഭിരുചികൾക്കും കഴിവുകൾക്കും ആഗ്രഹങ്ങൾക്കും അനുസൃതമായ നൂതനമായ തൊഴിലവസരങ്ങൾ അനുദിനം ആവിർഭവിച്ചുകൊണ്ടിരിക്കുകയാണ്. ഉത്സവം പോലെ ആസ്വദിച്ചു ചെയ്യാവുന്ന തൊഴിലുകളാൽ സമൃദ്ധമായ സൈബർയുഗം തുറന്നുകൊടുത്ത പുത്തൻ തൊഴിലാണ് ഗെയിം ടെസ്റ്റർ.
ആധുനിക യുഗത്തിലെ വിനോദവ്യവസായത്തിന്റെ അവിഭാജ്യഘടകമായി കമ്പ്യൂട്ടർ - വീഡിയോ ഗെയിമുകൾ മാറിയതോടെ അവയുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങൾ നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്. കമ്പ്യൂട്ടർ- വീഡിയോ ഗെയിമുകളുടെ നിർമ്മാണാനന്തരം അവയുടെ സാങ്കേതികതയും ഗുണമേന്മയും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ വിശകലനം ചെയ്യുന്ന പ്രോഫഷണലുകളാണ് ഗെയിം ടെസ്റ്റർമാർ. മറ്റ് സോഫ്റ്റ്‌വെയറുകൾ ടെസ്റ്റു ചെയ്യുന്നതിനാവശ്യമുള്ള സാങ്കേതിക പരിജ്ഞാനമൊന്നും ഗെയിം ടെസ്റ്റർമാർക്ക് വേണമെന്ന് നിർബന്ധമില്ല. ഗെയിമുകളോടുള്ള അടങ്ങാത്ത താൽപ്പര്യവും സർഗ്ഗാത്മക നിർദ്ദേശങ്ങൾ നൽകാനുള്ള കഴിവും ഉള്ളവർക്ക് ഗെയിം ടെസ്റ്ററാവാം.
കടുത്ത മത്സരം അരങ്ങേറുന്ന കമ്പ്യൂട്ടർ-വീഡിയോ ഗെയിം നിർമ്മാണ വിപണന രംഗത്ത് പിടിച്ചു നിൽക്കാനും ലാഭം കൊയ്യാനും കഴിയണമെങ്കിൽ ഗെയിമുകൾ പുതുമകൾ നിറഞ്ഞതും സാങ്കേതികമായി കുറ്റമറ്റതുമാകണം. ഇവ രണ്ടും ഉറപ്പുവരുത്തുന്നതിൽ ഗെയിം ടെസ്റ്റർമാർക്ക് സുപ്രധാനമായ പങ്കുളളതിനാൽ ഈ രംഗത്ത് മികവ് തെളിയിക്കുന്ന പ്രോഫഷണലുകൾക്ക് മുമ്പിൽ അനന്തമായ സാധ്യതകളാണ് തുറക്കപ്പെടുന്നത്.
ഗെയിം ഡിസൈനർ, ആർട്ടിസ്റ്റ്, പ്രോഗ്രാമർ, പ്രോഡ്യൂസർ തുടങ്ങിയ ഗെയിം പ്രോഫഷണലുകൾക്കൊപ്പം പ്രാധാന്യവും സാധ്യതയുമുള്ള ജോലിയാണ് ഗെയിം ടെസ്റ്ററുടേത്.
കമ്പ്യൂട്ടർ-വീഡിയോ ഗെയിമുകളുടെ ആദ്യനാളുകളിൽ ഗെയിം ഡെവലപ്പർമാർ തന്നെയായിരുന്നു ഗെയിം ടെസ്റ്റുകൾ നടത്തിയിരുന്നത്. ചില സന്ദർഭങ്ങളിൽ ഗെയിം പ്രോഗ്രാമർമാരും ഗെയിം ടെസ്റ്റുകൾക്ക് ചുക്കാൻ പിടിച്ചു. ലളിതമായ പ്രോഗ്രാമുകൾ മാത്രമുള്ള ആദ്യകാല ഗെയിമുകൾ അനായാസമായി ടെസ്റ്റുചെയ്യാമായിരുന്നു. എന്നാൽ കാലക്രമേണ ഗെയിം സോഫ്റ്റ്‌വെയറുകൾ കൂടുതൽ സങ്കീർണ്ണമാവാൻ തുടങ്ങിയതോടെ ഗെയിം ടെസ്റ്റർമാരുടെ വിദഗ്ദ്ധ സംഘം ഓരോ ഗെയിം പ്രോജക്ടിന്റെയും അനിവാര്യഘടകമായിത്തിർന്നു.
നിർമ്മാണം പൂർത്തിയാവുന്നതിനനുസരിച്ച് ഗെയിം ഡെവലപ്പർമാർ ഗെയിമുകളുടെ ഭാഗങ്ങൾ ഗെയിം ടെസ്റ്റർമാരുടെ അടുത്തേക്കയക്കുന്നു. ടെസ്റ്റർമാർ ഗെയിമിന്റെ ഓരോ ഭാഗവും സസൂക്ഷ്മം പരിശോധിച്ച് വിവിധ തരത്തിലുള്ള പോരായ്മകൾ കണ്ടെത്തി ഗെയിം ഡെവലപ്പർമാർക്ക് റിപ്പോർട്ട് ചെയ്യുന്നു. ഇതിനുവേണ്ടി ഗെയിം ടെസ്റ്റർ ഒരു ഗെയിം ഡിസ്ക് തുടർച്ചയായി പ്ലേ ചെയ്യുന്നു. ഗെയിം റൺ ചെയ്യുമ്പോൾ എന്തൊക്കെ സാങ്കേതിക പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നെന്നും, തീർത്തും പ്രവർത്തനരഹിതമാവും മുമ്പ് ഗെയിം ഡിസ്കിന് എത്രമാത്രം കേടുപാടുകൾ താങ്ങാൻ കെൽപുണ്ടെന്നും ഇതിലൂടെ കണ്ടെത്താനാവുന്നു.
ഗെയിമുകളുടെ കലാപരമായ പോരായ്മകൾ, യുക്തിപരമായ പൊരുത്തക്കേടുകൾ എന്നിവക്കു പുറമെ കമ്പ്യൂട്ടർ-വീഡിയോ ഗെയിമുകളെ തകരാറിലാക്കുന്ന വൈറസുകളെ വരെ കണ്ടെത്തി അത് ഗെയിം ഡെവലപ്പർമാർക്ക് വിവരിച്ചു കൊടുക്കാൻ ശ്രദ്ധാപൂർവ്വമുള്ള ഇത്തരം നിരീക്ഷണങ്ങളിലൂടെ ടെസ്റ്റർക്ക് സാധിക്കുന്നു.
ആലങ്കാരികമായി ഒരു 'കളിത്തൊഴിൽ" എന്നു പറയാമെങ്കിലും അത്യന്തം സമർപ്പണവും കഠിനാധ്വാനവും ആവശ്യമായ ജോലിയാണ് ഗെയിം ടെസ്റ്റിംഗ്. ചിലപ്പോൾ എട്ടുമണിക്കൂറോ അതിൽ കൂടുതൽ സമയമോ ഒരു ഗെയിം തന്നെ തുടർച്ചയായി ആവർത്തിച്ച് പ്ലേ ചെയ്യേണ്ടി വന്നേക്കാം. ഗെയിമിലെ തകരാറുള്ള ഒരു പോയിന്റ് കണ്ടെത്താൻ അതിലെ സീക്വിൻസുകൾ സൂക്ഷ്മമായി നിരീക്ഷിക്കണം. കമ്പ്യൂട്ടർ-വീഡിയോ ഗെയിം മേഖല മത്സരാധിഷ്ഠിതമായ ഒരു വ്യവസായമായി മാറിയതോടെ യഥാസമയം ഗെയിമുകൾ നിർമ്മിച്ച് വിപണിയിലെത്തിക്കാൻ കമ്പനികൾ പരസ്പരം മത്സരിക്കുന്നു. ഗെയിം റിലീസിംഗിന്റെ ഡെഡ്്ലൈൻ പാലിക്കാൻ ഗെയിം ഡെവലപ്പർമാർ ദിവസത്തിൽ മണിക്കൂറോളം പ്രവർത്തിക്കാറുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ഗെയിം ടെസ്റ്റർമാരും അവരോട് തോളോട് തോൾ ചേർന്ന് ജോലി ചെയ്യേണ്ടിവരും. വിവിധതരത്തിലുള്ള ഗെയിം ടെസ്റ്റിംഗുകളുണ്ട്.
ലോക്കലൈസേഷൻ ടെസ്റ്റിംഗ്
ഗെയിമിന്റെ ലാംഗ്വേജ്, സ്പെല്ലിംഗ്, ഗ്രാമർ, ഗെയിം ചിഹ്നങ്ങൾ തുടങ്ങിയ അടിസ്ഥാന കാര്യങ്ങളുടെ കൃത്യത ഉറപ്പിക്കുന്ന ടെസ്റ്റിംഗാണ് ലോക്കലൈസേഷൻ ടെസ്റ്റിംഗ്. ഒരു ഭാഷയിലുള്ള ഗെയിം മറ്റൊരു ഭാഷയിലുള്ള പ്രദേശത്ത് ലാഭകരമായി വിപണനം ചെയ്യാൻ ചിലപ്പോഴൊക്കെ ഗെയിമിന്റെ സംഭാഷണം പ്രസ്തുത പ്രദേശത്തെ ഭാഷയിലേക്ക്് വിവർത്തനം ചെയ്യാറുണ്ട്. ലോക്കലൈസേഷൻ ടെസ്റ്റിംഗ് വേളയിലാണ് ഇത്തരം തർജ്ജമ ജോലികൾ നിർവ്വഹിക്കുന്നത്. ഈ സന്ദർഭങ്ങളിൽ ഒരു എഡിറ്ററുടെ റോളാണ് ഗെയിം ടെസ്റ്റർക്കുള്ളത്.
കംപാറ്റിബിലിറ്റി ടെസ്റ്റിംഗ്
ഗെയിമിന്റെ റണ്ണിംഗിന് ആവശ്യമായ ഹാർഡ്്വെയർ ഭാഗങ്ങളുടെ സുഗമമായ പ്രവർത്തനം ഉറപ്പുവരുത്തുന്നത് കംപാറ്റിബിലിറ്റി ടെസ്റ്റിംഗിലൂടെയാണ്. സാധാരണയായി ഗെയിം നിർമ്മാണത്തിന്റെ അവസാനഘട്ടത്തിലാണ് കംപാറ്റിബിലിറ്റി ടെസ്റ്റിംഗ് നടത്താറുള്ളത്.
ലോഡ് ടെസ്റ്റിംഗ്
ഒരു ഗെയിം സിസ്റ്റത്തിന്റെ പരിധി അഥവാ കഴിവ് അളക്കാനാണ് ലോഡ് ടെസ്റ്റിംഗ് അനുവർത്തിക്കുന്നത്. ഒരു ങങ്ങഛ സെർവറിൽ ഒരേ സമയം ഗെയിം കളിക്കുന്ന അനേകമാളുകളെ ഒരു ഗെയിം സിസ്റ്റം ഉൾക്കൊള്ളുന്നു.
സോക്ക് ടെസ്റ്റിംഗ് വിവിധതരത്തിലുള്ള ഓപ്പറേഷൻ മോഡുകളിലൂടെ ഗെയിമിനെ മണിക്കൂറുകളോളം പ്ലേ ചെയ്തുകൊണ്ടാണ് സോക്ക് ടെസ്റ്റിംഗ് നടത്തുന്നത് ഗെയിമിന്റെ മെമ്മറി ലീക്ക്സ്, റൗണ്ടിംഗ് തകരാറുകൾ തുടങ്ങിയവ നിർണ്ണയിക്കാനാണ് സോക്ക് ടെസ്റ്റിംഗ് നടത്തുന്നത്.
ബീറ്റ ടെസ്റ്റിംഗ്
തികച്ചും വ്യത്യസ്തമായ ഒരു ഗെയിം ടെസ്റ്റിംഗ് രീതിയാണ് ബീറ്റ ടെസ്റ്റിംഗ്. ഒരു ഗെയിം നിർമ്മിച്ച് വിപണിയിലെത്തിക്കുന്നതിനു മുമ്പ് അത് ആയിരക്കണക്കിന് ഗെയിം ആരാധകരെക്കൊണ്ട് പരിശോധിച്ചിപ്പ് ഗെയിമിന്റെ പോരായ്മകൾ കണ്ടെത്തുന്ന ടെസ്റ്റിംഗ് സമ്പ്രദായമാണിത്. ചെറിയ ഗ്രൂപ്പുകളായി പ്രവർത്തിക്കുന്ന ഗെയിം ടെസ്റ്റർമാരേക്കാൾ ഫലപ്രദമായി ഗെയിമുകളെ വിലയിരുത്താൻ ആയിരങ്ങൾ അടങ്ങിയ ഗെയിം ആരാധക സംഘത്തിന് കെൽപുണ്ടെന്നാണ് ചില ഗെയിം നിർമ്മാതാക്കൾ വിശ്വസിക്കുന്നത്. ഇത്തരം നിർമ്മാതാക്കൾ ബീറ്റ ടെസ്റ്റിംഗിനെ വ്യാപകമായി പ്രോത്സാഹിപ്പിക്കാറുണ്ട്. ക്വാളിറ്റി അഷ്വറൻസിന്റെ ഭാഗമായ പ്രോഫഷണൽ ഗെയിംടെസ്റ്റിംഗ് പരിശീലനവും, പരിചയവും അനിവാര്യമായ മുഴുവൻ സമയ ജോലിയാണെങ്കിൽ കുറെ ഗെയിമുകൾ കണ്ട പരിചയവും ഗെയിമുകളോടുള്ള ആരാധനയും മാത്രമേ ബീറ്റ ടെസ്റ്റർക്ക് ആവശ്യമുള്ളൂ. ബീറ്റ ഗെയിം ടെസ്റ്റിംഗിൽ പങ്കെടുക്കുന്ന ആളുകളുടെ പ്രധാന ഉദ്ദേശ്യം പുതു പുത്തൻ ഗെയിമുകൾ സൗജന്യമായി ആസ്വദിക്കുകയെന്നതാണ്. അതിനിടയിൽ അവർക്ക് തോന്നുന്ന തകരാറുകളും പോരായ്മകളും മാത്രം ചൂണ്ടിക്കാണിച്ചാൽ മതി. എന്നാൽ പ്രോഫഷണൽ ഗെയിം ടെസ്റ്റർ അത്യന്തം ഗൗരവപരവും ശ്രമകരവുമായാണ് ഗെയിം ടെസ്റ്റിംഗിനെ സമീപിക്കുന്നത്.
സാധ്യതകൾ
ഗെയിം വ്യവസായരംഗത്തേക്കു കടന്നുവരാനുള്ള ആദ്യ കാൽവെപ്പ് എന്ന നിലയിലാണ് പലരും ഗെയിം ടെസ്റ്റർ ജോലി ചെയ്യുന്നത്. ഇതിലൂടെ ഗെയിം മേഖലയെക്കുറിച്ച് മനസ്സിലാക്കാനും അതുവഴി ഭാവിയിൽ ഗെയിം പ്രോഗ്രാമർ, ഗെയിം ഡെവലപ്പർ തുടങ്ങിയ പ്രോഫഷനുകൾ കരഗതമാക്കാനും കഴിവും ആത്മവിശ്വാസവുമുള്ള ഗെയിം ടെസ്റ്റർക്ക് സാധിക്കും. സാധാരണയായി ഒരു ഗെയിം ടെസ്റ്റർക്ക് മണിക്കൂറിന് പത്തോ പന്ത്രണ്ടോ യുഎസ് ഡോളർ പ്രതിഫലം ലഭിക്കും. മൂന്നു വർഷത്തിൽ കുറവ് പ്രവൃത്തിപരിചയമുള്ള ഒരു ടെസ്റ്റർക്ക് 25,142 ഡോളറും ആറുവർഷം എക്സ്പീരിയൻസുള്ളയാൾക്ക് 43,056 ഡോളറും, ആറുവർഷത്തിൽ കൂടുതൽ എക്സ്പീരിയൻസ് ഉള്ള ഗെയിം ടെസ്റ്റർക്ക് ശരാശരി 70,658 ഡോളറും വാർഷിക പ്രതിഫലം ലഭിക്കുമെന്നാണ് അമേരിക്കയിൽ അടുത്തകാലത്തായി നടത്തിയ ഒരു വാർഷിക സർവ്വേ വെളിപ്പെടുത്തുന്നത്.
യൂറോപ്പിൽ ഒഴിവുകാല വിപണിയെ ലക്ഷ്യം വെച്ച് വേനൽക്കാലത്തിന്റെ അവസാനവും ശരത്ക്കാലത്തിന്റെ ആരംഭത്തിലുമാണ് പ്രമുഖ ഗെയിം നിർമ്മാതാക്കളെല്ലാം ഗെയിം നിർമ്മാണം പൂർത്തീകരിക്കുന്നത്. ഇവിടങ്ങളിൽ ഗെയിം ടെസ്റ്റർമാരെ കൂടുതലായി റിക്രൂട്ട് ചെയ്യുന്നതും ഇക്കാലത്താണ്. ഇപ്പോൾ ഗെയിം ടെസ്റ്റർമാർക്ക് ഇന്ത്യയിലും ധാരാളം അവസരങ്ങളുണ്ട്. ഗെയിം നിർമ്മാണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാൽ ശരാശരി കഴിവുള്ളയാൾക്ക് അവസരങ്ങൾ ലഭിക്കും.
അക്കാദമിക യോഗ്യതക്കുപരിയായി പ്രായോഗിക പരിജ്ഞാനവും, വിശകലനശേഷിയും സർഗ്ഗാത്മകതയുമാണ് ഗെയിം ടെസ്റ്റർക്ക് വേണ്ട അടിസ്ഥാന യോഗ്യതയായി പരിഗണിക്കുന്നതെങ്കിലും സാങ്കേതിക ജ്ഞാനമുള്ളവർക്ക് മുൻഗണന ലഭിക്കും. ചെന്നൈയിലെ ഇമേജ് കോളേജ് ഓഫ് ആർട്ട്സ്, ആനിമേഷൻ ആന്റ് ടെക്നോളജി പോലുള്ള സ്ഥാപനങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കോഴ്സുകൾ നടത്തുന്നുണ്ട്. ബി.എ. ഹോണേഴ്സ് -ഗെയിം ഡിസൈൻ, ബി.എ.ഹോണേഴ്സ് ഗെയിം ഡെവലപ്പ്‌മന്റ് എന്നിവ അതിൽ ചിലതാണ്.
